പാരീസ്: പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേരെ പിടികൂടി. കേസുമായി അടുത്തബന്ധമുള്ള സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാരീസ്-ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച രാത്രി വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കവെയാണ് മോഷ്ടാക്കളിലൊരാള് പിടിയിലാകുന്നത്. രണ്ടാമനെ പിടികൂടിയത് പാരീസ് നഗരത്തില്‍നിന്നാണ്.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയമായ ലൂവ്രെയില്നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് മോഷ്ടാക്കള്‍ വിലമതിക്കാനാകാത്ത ആഭരണങ്ങള്‍ കൊള്ളയടിച്ചത്.
മ്യൂസിയം തുറന്നസമയം, ക്രെയിന്‍ ഉപയോഗിച്ച് മുകളിലത്തെ നിലയിലെ ജനല്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ എട്ടു വിലയേറിയ വസ്തുക്കളാണ് മോഷ്ടിച്ചത്.
മോഷണശേഷം പുറത്തുകടന്ന പ്രതികള്‍ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു. പാരീസ് പോലീസിലെ ബിആര്‍ബി എന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.